text
stringlengths
17
2.95k
'പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം.
മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ, സപ്തഗിരീശ്വരൻ, ആദിനാരായണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.
കലിയുഗ പ്രത്യക്ഷദൈവം എന്നറിയപ്പെടുന്ന ഭഗവാൻ കൂടിയാണ് വെങ്കടേശ്വരൻ.
വെങ്കിടെശ്വരനോടൊപ്പം ശ്രീലകത്ത് ശ്രീരാമൻ, സീത, ലക്ഷ്മണൻ, ശ്രീകൃഷ്ണൻ, രുഗ്മിണി എന്നിവർക്കും പ്രതിഷ്ഠയുണ്ട്.
നരസിംഹം, കുബേരൻ, ഹനുമാൻ, ഗരുഡൻ, വരദരാജൻ, ശേഷനാഗം തുടങ്ങിയ ഉപദേവന്മാരെയും ഇവിടെ കാണാം.
തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ.
ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു.
ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അഭിവൃദ്ധിയും കടബാധ്യതകളിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
നവദമ്പതികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിശേഷമായി കരുതുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്.
വിവിധ രൂപങ്ങളിൽ വരുമാനം ഇവിടെയെത്തുന്നുണ്ട്.
നിത്യേന ആയിരക്കണക്കിന് തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിൽ, വിശേഷാവസരങ്ങളിൽ എണ്ണം ഇതിലും കൂടും.
ശ്രീവെങ്കടേശ്വര ബ്രഹ്മോത്സവം, പദ്മാവതി തിരുക്കല്യാണം, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്.
തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയുടെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
പ്രസിദ്ധമായ ശ്രീ കാളഹസ്തി ശിവക്ഷേത്രം ഇവിടെ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം.
വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്.
വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്.
ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു.
പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്.
അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്.
കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു.
ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു.
കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല.
തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്.
കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്!
ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി.
അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു.
അങ്ങനെ ഭഗവാൻ ത്രിമൂർത്തികളിൽ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു.
എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു.
അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്.
ഇതിൽ കോപിച്ച ശ്രീഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു.
ഇപ്പോൾ, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്.
(ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്).
മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ സാക്ഷാൽ ആദിനാരായണൻ, ശ്രീനിവാസൻ എന്ന പേരിൽ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി.
ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ സമീപിച്ചു വിവരങ്ങൾ അറിയിച്ചു.
തുടർന്ന് ബ്രഹ്മാവും ശിവനും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സേവനം ചെയ്യാൻ തയ്യാറായി.
അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല.
അതിനാൽ, മഹാലക്ഷ്മി ഒരു യുവതിയുടെ വേഷത്തിലെത്തി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു.
ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊടുക്കുമായിരുന്നു.
ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു.
എന്നാൽ, അബദ്ധവശാൽ മുറിവുപറ്റിയത് ശ്രീനിവാസനായിരുന്നു.
കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു.
ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!
തുടർന്ന്, ശ്രീനിവാസൻ വളർത്തമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു.
ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു.
അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി.
വിഷ്ണുപദ പ്രാപ്തിക്കായി തപസ്‌ ചെയ്ത, ലക്ഷ്മിയുടെ തന്നെ അംശമായ വേദവതിയുടെ പുനർജ്ജന്മം ആയിരുന്നു പദ്മാവതി.
തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു.
ശ്രീനിവാസനുമായി രാജകുമാരി പദ്മാവതിയുടെ വിവാഹം നടക്കുമെന്നും അത് മഹാഭാഗ്യമാണെന്നും നാരദമഹർഷി ആകാശരാജനെ അറിയിക്കുന്നു.
ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി.
നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം.
എന്നാൽ വിവാഹ ചിലവുകൾക്ക് ആവശ്യമായ പണം ദരിദ്ര്യനായ ശ്രീനിവാസന്റെ പക്കൽ ഇല്ലായിരുന്നു.
ഒടുവിൽ ബ്രഹ്മാവിന്റെയും ശിവന്റെയും ഉപദേശപ്രകാരം വിവാഹ ചെലവുകൾക്ക് ആവശ്യമായ ധനം ശ്രീനിവാസൻ ധനത്തിന്റെ അധിപതിയും ലക്ഷ്മിദേവിയുടെ കാര്യസ്ഥനുമായ കുബേരനിൽ നിന്നും കടം വാങ്ങുന്നു.
അങ്ങനെ ഭഗവാൻ സ്വയം കുബേരന് കടക്കാരനായി മാറുന്നു.
സംഭവമറിഞ്ഞ സമ്പത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി ഉടനെ തിരുമലയിലെത്തുന്നു.
തന്റെ കടബാദ്ധ്യത വീട്ടാനായി കാണിക്കയർപ്പിക്കുന്ന ഭക്തർക്ക് അവരുടെ ആഗ്രഹംപോലെ ഐശ്വര്യവും ആരോഗ്യവും കാര്യസിദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് ഭഗവാൻ മഹാലക്ഷ്മിയോട് ആവശ്യപ്പെടുന്നു.
ഭക്തരുടെ അഭീഷ്ഠങ്ങളെ താൻ സാധിപ്പിച്ചു കൊടുക്കാമെന്നും ഐശ്വര്യങ്ങൾ നൽകാമെന്നും ശ്രീഭഗവതി ഭഗവാനോട് പറയുന്നു.
അപ്പോൾ നാരായണൻ വിശ്വരൂപം പ്രാപിക്കുകയും ആനന്ദനിലയമെന്ന തിരുമല ക്ഷേത്രത്തിൽ പ്രവേശിച്ചു സ്വയം ശിലയായി മാറുകയും ചെയ്തു!
സംഭവം കണ്ട എല്ലാവരോടും സകലരുടെയും ദുഃഖദുരിതങ്ങൾ തീർക്കാൻ ഭഗവാൻ വെങ്കിടാദ്രിയിൽ കലിയുഗത്തിലെ പ്രത്യക്ഷ ദൈവമായി കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും പരമശിവനും പറയുകയുണ്ടായി.
അപ്പോൾ ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചു ചേർന്നു.
മഹാലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, ഭൂമിദേവി വലതുഭാഗത്തും കുടികൊണ്ടു.
അങ്ങനെ ശ്രീദേവി ഭൂദേവി സമേതനായ മഹാവിഷ്ണു തിരുപ്പതിയിൽ സർവദുഃഖഹരനായി കുടികൊള്ളുന്നു.
മഹാലക്ഷ്മിയാകട്ടെ‌ ഭക്തർക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകാരം അഷ്ട ഐശ്വര്യങ്ങൾ ചൊരിഞ്ഞു കൊണ്ട് ഭഗവാനോടൊപ്പം നിലകൊള്ളുന്നു.
മദ്ധ്യകാല ചരിത്രം.
ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്ന സമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്.
അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു.
പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു.
വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്.
എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു.
വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു.
മറാഠാ ജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.
വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി.
പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി.
ചരിത്രപ്രധാനമായ നിരവധി ശിലാലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്.
പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും.
പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു.
തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.
ശിലാലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും.
മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു.
തെലുങ്കുഭാഷാപണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.
തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.
ക്ഷേത്രനിർമ്മിതി.
തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്.
അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ.
പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം.
ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ് ഏഴുമലകൾ.
ഇതുകാരണം, തെലുങ്കിൽ 'ഏദുകൊണ്ടലവഡ' എന്നും തമിഴിൽ 'ഏഴുമലയൻ' എന്നും ഭഗവാൻ അറിയപ്പെടുന്നു.
അടിവാരത്തുള്ള 'അലിപിരി' എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിയ്ക്കുന്നത്.
ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേയ്ക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം.
ഈ ഭാഗത്ത് വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്.
ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ ഭാഗമായ പോകുന്ന വഴിയിൽ ധാരാളം ചെറിയ ക്ഷേത്രങ്ങളും തീർത്ഥസ്ഥാനങ്ങളും കാണാം.
പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നാണ് ബാക്കിയെല്ലാം.
മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ കടന്നുപോകുന്ന കൊച്ചരുവികളും കണ്ണിന് കുളിർമ്മയേകുന്നു.
നടന്ന് മലകയറുന്ന സ്ഥലത്തുനിന്ന് ഒരല്പം മാറി ഒരു പാറയിൽ, ഹനുമാൻ സ്വാമിയുടെ മുഖം പ്രകൃതിദത്തമായി ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്.
ഗണപതി, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഇവിടെ കാണാം.
'ഗോവിന്ദാ! ഗോവിന്ദാ!' വിളികളോടെ ഭക്തർ മലകയറുന്നത് കാണേണ്ട കാഴ്ചയാണ്.
മലമ്പാത തുടങ്ങുന്ന സ്ഥലത്ത് ഒരു കവാടം കാണാം.
കവാടത്തിനും മുകളിലായി ശ്രീദേവീ-ഭൂദേവീ സമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം.