text
stringlengths
17
2.95k
പ്രവർത്തനമേഖലാ ആസൂത്രണ പദ്ധതികൾ (Action area plans), വിവിധ വിഷയങ്ങൾക്കായുള്ള പ്രത്യേക ആസൂത്രണപദ്ധതികൾ (Subject plans) ഇവ ലോക്കൽപ്ളാനുകളുടെ ഭാഗമായി തയ്യാറാക്കുന്നു.
പ്രവർത്തനമേഖലാ ആസൂത്രണപദ്ധതികൾ, സ്ട്രക്ചർ പ്ലാനിൽ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ, വികസന പ്രവർത്തനങ്ങൾ, പുതുക്കിപ്പണിയൽ തുടങ്ങിയവ പൊതുസമിതിയെയോ സ്വകാര്യ സമിതിയെയോകൊണ്ട് ചെയ്യിക്കുന്നതിനുള്ള ഒരു സമഗ്ര നയം രൂപീകരിക്കുന്ന ആസൂത്രണമാണിത്.
ഒരു പ്രത്യേക വിഷയത്തിൽ അഥവാ പ്രശ്നത്തിൽ നയങ്ങളും ലക്ഷ്യങ്ങളും മുൻകൂട്ടി രൂപീകരിച്ചുകൊണ്ടുള്ള സമഗ്ര ആസൂത്രണമാണ് വിഷയാസൂത്രണം.
നഗരാസൂത്രണ തത്ത്വങ്ങൾ.
നഗരം ആസൂത്രണം ചെയ്യുമ്പോൾ ഭാവിതലമുറയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതോടൊപ്പം അതിന്റെ വളർച്ച അപകടകരമായ രീതിയിലേക്കു നീങ്ങുകയില്ല എന്ന് ഉറപ്പുവരുത്തുകകൂടി വേണം.
അതിന് സഹായകമായ തത്ത്വങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
നഗരത്തിന്റെ വലിപ്പം ക്രമാതീതമായി വർധിക്കാതിരിക്കാൻ പുറംവശങ്ങളിൽ ഗ്രീൻ ബെൽറ്റ് കൊടുക്കാവുന്നതാണ്.
വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്ക് പാർപ്പിട സൌകര്യങ്ങളൊരുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ചേരികൾ വളർന്നുവരാനുള്ള സാഹചര്യം ഉണ്ടാകരുത്.
ചേരികൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കി പകരം സംവിധാനം കണ്ടെത്തണം.
നഗരത്തിൽ പൊതു സ്ഥാപനങ്ങൾ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ ഗ്രൂപ്പ് ചെയ്യുകയും വിന്യസിക്കുകയും വേണം.
വിനോദകേന്ദ്രങ്ങൾ.
നഗരത്തിന്റെ വലിപ്പത്തിനനുസരിച്ച് പൊതുജനങ്ങൾക്കുവേണ്ടി വിനോദകേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടത്ര സ്ഥലം നീക്കിവയ്ക്കണം.
ഇവയും സന്തുലിതമായി നഗരപ്രദേശത്ത് വിന്യസിക്കേണ്ടവയാണ്.
ഒരു നഗരത്തിന്റെ കാര്യക്ഷമത അളക്കുന്നത് അതിലെ ഗതാഗത ക്രമീകരണം നോക്കിയാണ്.
നന്നായി രൂപകല്പന ചെയ്യാത്ത റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ ചെലവു കൂടിയതും ഭാവിയിൽ പുനഃക്രമീകരണത്തിന് വിഷമമുണ്ടാക്കുന്നവയുമാണ്.
നഗരത്തെ വാണിജ്യമേഖല, വ്യവസായ മേഖല, നിവാസ മേഖല തുടങ്ങി വിവിധ സോണുകളായി തിരിക്കാം.
ഓരോ സോണിന്റെയും വികസനത്തിനായി അനുയോജ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താം.
നഗരാസൂത്രണത്തിലെ സമീപനങ്ങൾ.
(Systems approach)
ഉപയോഗയുക്തമായ മുഴുവൻ നഗരപരിധിയെയും പല വിഭാഗങ്ങൾ ഉൾപ്പെട്ട ഒരു വ്യവസ്ഥ (system) ആയി കണക്കാക്കുന്നു.
ഇതിൽ ഓരോ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളെയും (ഗാർഹികം, വാണിജ്യപരം, വ്യവസായം മുതലായവ), അവയുടെ ഒരോ സേവനങ്ങളെയും (ജലവിതരണം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം മുതലായവ) വ്യത്യസ്ത ഘടകങ്ങളായി പരിഗണിക്കുമ്പോൾത്തന്നെ അവയോരോന്നും എപ്രകാരം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വർത്തിക്കുന്നു എന്നു തിരിച്ചറിയുകകൂടി ചെയ്യുക എന്നതാണ് ഈ സമീപനത്തിന്റെ പ്രത്യേകത.
തന്ത്രപര ആസൂത്രണം.
(Strategic planning)
ഒരു പ്രശ്നത്തെ സുനിശ്ചിതവും കണിശവുമായ പ്രവർത്തനങ്ങളിലൂടെ അഭിമുഖീകരിക്കുക എന്ന യുദ്ധതന്ത്രപരമായ സമീപനത്തിൽനിന്നാണ് നഗരാസൂത്രണ മേഖലയിലും തന്ത്രപര ആസൂത്രണം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്.
സമഗ്രമായ ആസൂത്രണത്തിനു പകരം പ്രസക്തമായ പ്രശ്നങ്ങളിലും മേഖലകളിലും കൂടുതൽ ശ്രദ്ധപതിപ്പിക്കുക എന്നതാണ് തന്ത്രം.
ആസ്റ്റ്രേലിയ, ബ്രിട്ടൻ, അമേരിക്ക മുതലായ രാജ്യങ്ങളിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്.
ഗതാഗതമേഖലയിലെയും മറ്റും ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കൂടുതലായും ഇത് ഉപയോഗപ്പെടുത്തുന്നത്.
തന്ത്രപര ആസൂത്രണത്തിൽ മേഖലാ തലം, പ്രാദേശിക തലം, പ്രവർത്തന മേഖലാതലം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലായിട്ടാണ് തീരൂമാനമെടുക്കുന്നത്.
അഡ്വക്കസി പ്ലാനിങ്.
നഗരാസൂത്രണവുമായി ബന്ധപ്പെട്ട ഈ നൂതന ആശയം 1960-കളിൽ പോൾ ഡവിഡോഫ് (Paul Davidoff) ആണ് അവതരിപ്പിച്ചത്.
ഈ അസൂത്രണ സമീപനത്തിൽ ഒരു പ്രത്യേക ശ്രേണിയോ നിശ്ചിത തലങ്ങളോ നിർണയിച്ചിട്ടില്ലെങ്കിലും സാധാരണയായി രണ്ട് തലങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്.
ഒന്നാമതായി ഒരു ചെറിയ പ്രദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കത്തക്ക നിലയിൽ പ്രാദേശിക തലത്തിലും രണ്ടാമതായി ഇത്തരം ചെറിയ പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് വലിയ മേഖലയെന്ന നിലയിലും.
നഗരാസൂത്രണ സിദ്ധാന്തങ്ങൾ.
നഗരങ്ങൾ അവയുടെ ഭൗതികഘടനയിലും ജനതയുടെ സ്വഭാവത്തിലും ഒക്കെ ഏറെ വൈവിധ്യങ്ങൾ പുലർത്തുന്നുവെങ്കിലും അവ സാമൂഹിക പെരുമാറ്റത്തിന്റെ (Social behaviour) ഒരു യൂണിറ്റായി വർത്തിക്കുന്നു.
കൂടാതെ ഒരു കേന്ദ്ര വ്യാപാര മേഖലയെ ആധാരമാക്കി വർത്തിക്കുന്ന ഏകമാന സ്വഭാവമുള്ള വിവിധ മേഖലകളുടെ ഒരു കൂട്ടമായും നഗരം വർത്തിക്കുന്നു.
ഇത്തരത്തിലുള്ള നഗര ഘടനയെ വിശദമാക്കുന്ന ചില സിദ്ധാന്തങ്ങൾ താഴെ കൊടുക്കുന്നു.
ഏകകേന്ദ്ര മേഖലാ സിദ്ധാന്തം.
(Concentric Zone Theory).
മുൻകാലങ്ങളിൽ സാമ്പത്തിക ശാസ്ത്രജ്ഞർ ബർഗസ് ഡയഗ്രം (Burgess diagram) ഉപയോഗിച്ചാണ് മിക്കപ്പോഴും സ്ഥല വിനിയോഗത്തിൽ വിപണനശക്തികളുടെ സ്വാധീനത്തെ വിലയിരുത്തിയിരുന്നത്.
കേന്ദ്രവ്യാപാര മേഖല, പരിവർത്തന മേഖല, കുറഞ്ഞ വരുമാനക്കാരുടെ അധിവാസ മേഖല, കൂടിയ വരുമാനക്കാരുടെ അധിവാസ മേഖല, കമ്യൂട്ടർ മേഖല എന്നിവയാണ് അവ.
സെക്ടർ സിദ്ധാന്തം.
ഹോയ്ട് (Hoyt) അവതരിപ്പിച്ച സിദ്ധാന്തമാണ് ഇത്.
ഇതനുസരിച്ച് താരതമ്യേന സമാന ഉപയോഗങ്ങളുള്ള മേഖലകൾ ഗതാഗതസൌകര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നഗരകേന്ദ്രത്തിനു പുറത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു.
അനുയോജ്യമായ സ്ഥലവിനിയോഗമുള്ള പ്രദേശങ്ങൾ തൊട്ടുകിടക്കും; അല്ലാത്തവ അകറ്റപ്പെടും.
വരുമാനത്തിന്റെയും സാമൂഹിക നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ അധിവാസമേഖലകൾ വേർതിരിക്കപ്പെടുന്ന പ്രവണത ഉണ്ടാവുകയും അവ വ്യത്യസ്ത ഭാഗങ്ങളിലും വ്യത്യസ്ത ദിശകളിലും വികസിച്ചുവരികയും ചെയ്യും.
ഉയർന്ന വരുമാനക്കാർ നഗരത്തിന്റെ ഉൾഭാഗങ്ങളിലുള്ള സ്ഥലങ്ങൾ വിട്ടുപോകുമ്പോൾ അവിടെ താഴ്ന്ന വരുമാനക്കാർ കയറിപ്പറ്റുന്നു.
കേന്ദ്ര വ്യാപാരമേഖല, ഉത്പാദനവും സംഭരണവും നടക്കുന്ന മേഖല, താഴ്ന്ന വരുമാനക്കാരുടെ അധിവാസമേഖല, ഇടത്തരക്കാരുടെ അധിവാസമേഖല, ഉയർന്ന വരുമാനക്കാരുടെ അധിവാസമേഖല എന്നിവയാണ് വിവിധ മേഖലകൾ.
ബഹുകേന്ദ്ര സിദ്ധാന്തം.
(Multiple Nuclei Theory).
ഒരു കേന്ദ്രബിന്ദുവിൽനിന്ന് നഗരം വളരുന്നു എന്ന ധാരണയിലധിഷ്ഠിതമായ നഗരവളർച്ചാ സിദ്ധാന്തത്തിൽനിന്നു വ്യത്യസ്തമാണ് യു.എസ്സിലെ ഹാരിസും (Harris) ഉൾമാനും (Ullman) ചേർന്ന് ആവിഷ്കരിച്ച ബഹുകേന്ദ്ര സിദ്ധാന്തം.
വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നാണ് നഗരം വളരുന്നതെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഒടുവിൽ പാർപ്പിടസമുച്ചയങ്ങളും ഗതാഗതസൗകര്യങ്ങളും എല്ലാം ചേർന്ന് ഒറ്റ നഗരമായിത്തീരുകയാണ്.
കേന്ദ്ര വ്യാപാര മേഖലകൾ, ലഘു ഉത്പാദന മേഖലകൾ, താഴ്ന്ന നിലവാരത്തിലുള്ള പാർപ്പിടമേഖല, ഇടത്തരക്കാരുടെ പാർപ്പിടമേഖല, ഉയർന്ന വരുമാനക്കാരുടെ പാർപ്പിടമേഖല, ഭീമൻ ഉത്പാദനമേഖല, ചുറ്റുമുള്ള വ്യാപാരമേഖലകൾ, വാസയോഗ്യമായ പട്ടണപ്രാന്തം, വ്യാവസായിക പട്ടണപ്രാന്തം എന്നിവയാണ് വിവിധ കേന്ദ്രങ്ങൾ.
നഗരപ്രദേശവിനിയോഗത്തിന്റെ ക്രമീകരണം സംബന്ധിച്ച രീതിയിലുള്ള സൈദ്ധാന്തിക വിശദീകരണങ്ങൾ ഇത്തരം വ്യവസ്ഥകൾ രൂപപ്പെടുന്നതിൽ സാമ്പത്തിക ശക്തികളുടെ സ്വാധീനം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
പൂന്തോട്ട നഗരങ്ങളുടെ പിതാവായ എബനസ്സർ ഹോവാർഡിനെ (Ebenezer Howard) അനുകൂലിച്ചുകൊണ്ട് "പൂന്തോട്ട നഗരസമിതി" (Garden city Association) ഈ ആശയം നിർവചിച്ചത് 1919-ലാണ്.
അതിൻ പ്രകാരം ആരോഗ്യകരമായ ജീവിതം, വ്യവസായം എന്നിവയ്ക്ക് ഉതകുന്ന വിധത്തിലും സമ്പൂർണമായ ഒരു സാമൂഹ്യജീവിതം സാധ്യമാകുന്ന വലിപ്പത്തിലും (അതിലൊട്ടും കൂടാതെ) ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടുള്ള ഒരു നഗരമാണ് പൂന്തോട്ട നഗരം.
ഇതിലെ മുഴുവൻ സ്ഥലവും പൊതു ഉടമസ്ഥതയിലുള്ളതോ സാമൂഹ്യസ്വത്തോ ആയി കണക്കാക്കാം.
ജനസംഖ്യ മുപ്പതിനായിരമോ അതിലേറെയോ ആകാം.
മധ്യത്തിൽ ഒരു ഉദ്യാനവും അതിൽ പൊതുകെട്ടിടങ്ങളും ചുറ്റുമായി വ്യാപാരത്തെരുവുകളും ഉണ്ടായിരിക്കും.
അവിടെനിന്ന് എല്ലാ ദിക്കിലേക്കും വ്യാപിച്ചുകിടക്കുന്ന സാന്ദ്രത
കുറഞ്ഞ വാസസ്ഥലങ്ങൾ ഉണ്ടാകും.
നഗരത്തിന്റെ ബാഹ്യവൃത്തത്തിൽ സ്ഥിതിചെയ്യുന്ന വ്യവസായശാലകളെ ചുറ്റി സ്ഥിരമായ ഒരു പച്ചപ്പിന്റെ വലയം (ഗ്രീൻ ബെൽറ്റ്) വേണം.
(Concentric city)
ലെ കോർബസിയേ 1922-ൽ 3,00,000 ജനങ്ങൾ വസിക്കുന്ന "നാളത്തെ സിറ്റി" എന്ന ആശയം മുന്നോട്ടുവച്ചു.
ഈ ആശയപ്രകാരമുള്ള നഗരത്തിന് പ്രൗഢിയേറിയ അംബരചുംബികളായ നിർമിതികളും വിശാലവും വൃത്തിയേറിയതുമായ തുറസ്സായ സ്ഥലങ്ങളുമുണ്ടായിരിക്കും എന്നത് എടുത്തു പറയാവുന്ന സവിശേഷതയാണ്.
ഒരു ഏക്കറിൽ 1200 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതും എന്നാൽ ഭൂതലത്തിന്റെ 5% മാത്രം ഉപയോഗിക്കുന്നതുമായ 60 നില ഓഫീസ് കെട്ടിടങ്ങളായിരിക്കും നഗര ഹൃദയത്തിൽ.
റോഡ്, റെയിൽ ഗതാഗതമാർഗങ്ങളും സജീവമായിരിക്കും.
വാസകേന്ദ്രങ്ങളിൽ വിദ്യാലയങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഉണ്ടായിരിക്കും.
അയൽവക്ക സിദ്ധാന്തം.
(Neighbourhood concept)
ലെവിസ് മംഫോർഡ് (Lewis Mumford) ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
ദ് കൾച്ചർ ഒഫ് സിറ്റീസ് (1938) എന്ന പുസ്തകത്തിലാണ് ഇദ്ദേഹം അയൽവക്ക സിദ്ധാന്തം അവതരിപ്പിച്ചത്.
ഒരു കൂട്ടം സാമൂഹ്യബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു അയൽവക്ക യൂണിറ്റ് നിർണയിക്കുന്നത്.
കുട്ടികളുടെ സൗകര്യവുമായി ബന്ധപ്പെടുത്തിയാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളത്.
കുട്ടികളുടെ പ്രവർത്തനങ്ങളിലേറെയും കേന്ദ്രീകരിക്കപ്പെടുന്നത് സ്കൂളിലും കളിസ്ഥലങ്ങളിലും ആയതിനാൽ അവിടെനിന്ന് ഏറ്റവും അകലെ വീടുള്ള കുട്ടിയുടെ കാൽനടയാത്രാദൂരം കണക്കാക്കിയാകും അയൽവക്ക യൂണിറ്റുകളുടെ വലിപ്പം നിർണയിക്കുന്നത്.
നഗരങ്ങളുടെ സ്ഥാനനിർണയം.
സ്ഥലത്തിന്റെ ഭൗതികസ്വഭാവങ്ങൾ നിർദിഷ്ട നഗരത്തിന്റെ സ്ഥലം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
സ്ഥാന നിർണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് :
നഗരത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയും വിവിധ സൗകര്യങ്ങൾക്കായുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുകയും ചെയ്യും എന്ന് ഉറപ്പുവരുത്തിയിട്ടാണ് ഭൌതിക ഘടനകൾ പരിശോധിച്ചതിനുശേഷം സ്ഥലത്തിന്റെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഒരു പ്രദേശത്തിന്റെ ഭാവിവികസനത്തിനുള്ള രൂപരേഖയാണ് ആസൂത്രണരേഖ.
അത് തയ്യാറാക്കുന്നത് ഒരു പ്ലാനിങ് അതോറിറ്റിയാണ്.
വികസനത്തെയും സാമൂഹ്യ-സാമ്പത്തിക ലക്ഷ്യങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇത്.
മാസ്റ്റർ പ്ലാനുകൾ, ഡെവലപ്മെന്റ് പ്ലാനുകൾ, ജനറൽ പ്ളാനുകൾ, സെട്രക്ചർ പ്ലാനുകൾ എന്നിങ്ങനെയുള്ള ആസൂത്രണ സമീപനത്തിനും രീതിക്കുമനുസരിച്ച് വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആസൂത്രണ രേഖകൾ മഹാനഗരം, പട്ടണം, ഗ്രാമം, ചെറിയ പ്രദേശങ്ങൾ, വലിയ മേഖലകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ തയ്യാറാക്കാറുണ്ട്.
രണ്ട് തത്ത്വങ്ങളിലധിഷ്ഠിതമായാണ് ഒരു പദ്ധതി തയ്യാറാക്കുന്നത്.
ആസൂത്രണരേഖ തയ്യാറാക്കുന്നതിലെ പ്രധാന ഘട്ടങ്ങളാണ്
നഗരാസൂത്രണം ഇന്ത്യയിൽ.
നഗരാസൂത്രണത്തിൽ ഇന്ത്യക്ക് നീണ്ട ഒരു പാരമ്പര്യമുണ്ട്.
സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്ന മോഹൻജദാരോ, ഹാരപ്പ എന്നിവ പുരാതന കാലത്തെ ആസൂത്രണം ചെയ്ത നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ഇഷ്ടിക പാകിയ വീഥികളും അവയ്ക്കിരുവശവും പാർപ്പിടങ്ങളും പൊതു കുളങ്ങളും എല്ലാം ചേർന്ന സംവിധാനമായിരുന്നു ഈ നഗരങ്ങൾ.
വൈദിക കാലഘട്ടത്തിൽ നഗരാസൂത്രണത്തെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.
മാനസാരം, മായാമതം, വിശ്വകർമ വാസ്തുശാസ്ത്രം എന്നിവ ഉദാഹരണങ്ങളാണ്.
കൗടില്യന്റെ അർഥശാസ്ത്രത്തിലും (ബി.സി. 3-ം ശതകം) നഗരാസൂത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ കാണാം.
ഗ്രാമങ്ങളെ അവയുടെ ആകൃതി, തെരുവുസംവിധാനം, ക്ഷേത്രസംവിധാനം എന്നിവയ്ക്കനുസരിച്ച് പല രീതിയിൽ വർഗീകരിച്ചിരുന്നു എന്നാണ് ഇവയിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ദണ്ഡക, സർവതോഭദ്ര, നന്ദ്യാവർത്ത, പദ്മക, സ്വസ്തിക, പ്രസ്താര, കാർമുഖ, ചതുർമുഖ തുടങ്ങിയ വർഗീകരണങ്ങളെക്കുറിച്ച് മാനസാരം ചർച്ചചെയ്യുന്നു.
വടക്കേ ഇന്ത്യയിൽ ഇടക്കിടെ വടക്കുപടിഞ്ഞാറുനിന്നുള്ള കടന്നുകയറ്റം ഉണ്ടായതിന്റെ ഫലമായി ഇന്തോ ആര്യൻ പാരമ്പര്യത്തിലെ ചില നഗരങ്ങൾ നശിപ്പിക്കപ്പെടുകയും ചിലത് നിർമ്മിക്കപ്പെടുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ നഗരവികസനം മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് കോട്ടകെട്ടിയുറപ്പിച്ച തലസ്ഥാനനഗരങ്ങൾ സ്ഥാപിക്കുന്നതിലായിരുന്നു.
ആക്രമിച്ചു കീഴടക്കാൻ പ്രയാസമേറിയ കോട്ടകൾ ഭരണാധികാരികളുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്കി.
മുഗൾ ഭരണകാലത്ത് നഗരവികസനം തലസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല.
അകലെയുള്ള ഗ്രാമങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, സൈനിക സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വികസനം സാധ്യമായി.